Hajj

ഇസ്ലാമിലെ ആരാധനാ കര്‍മ്മങ്ങളില്‍ അഞ്ചാമത്തെ കാര്യമാണ് ഹജ്ജ്. കഴിവുകള്‍  ഒത്തുവന്നാല്‍ ജീവിതത്തിലൊരിക്കല്‍  ഹജ്ജ് നിര്‍വ്വഹിക്കല്‍ ഓരോ മുസ്ലിം സ്ത്രീ പുരുഷന്മാരുടെയും ബാധ്യതയാണ്. എന്നാല്‍ മറ്റു ആരാധനാ കര്‍മങ്ങളെ പോലെയല്ല ഹജ്ജ്. ഹജ്ജിനുള്ള ചില തടസ്സങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ അത് നിര്‍ബന്ധമുള്ളു. അതായത് സാമ്പത്തികം, ആരോഗ്യം, ഭരണ സംവിധാനം എന്നിവ അനുകൂലമായര്‍ മാത്രമേ ഹജ്ജ് നിര്‍വഹിക്കേണ്ടതുള്ളു. എന്നാല്‍ ബാഹ്യചടങ്ങുകള്‍ കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കപ്പെടുന്നില്ല. അതിന്റെ ആന്തരിക ചൈതന്യവും കൂടി ഉള്‍കൊണ്ടെങ്കിലേ ഹജ്ജ് പൂണ്യകരമാകൂ. പ്രവാചകന്‍(സ) പറയുന്നു പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. പുണ്യകരമായ ഹജ്ജ് നിര്‍വ്വഹിച്ചവന്‍ മാതാവ് പ്രസവിച്ചുടനെയുള്ള കുഞ്ഞിനെപോലെയാണ്. നിര്‍ഭാഗ്യവശാല്‍ ഹജ്ജിന്റെ ബാഹ്യ കര്‍മങ്ങളുടെ കര്‍മശാസ്ത്രം അന്വേഷിച്ചു കണ്ടെത്തുന്ന രീതിയാണ് ഭൂരിപക്ഷം മുസ്ലീകളും സ്വീകരിക്കുന്നത്. തന്റെ മനസ്സിലും ഹൃദയത്തിലും ആത്മാവിലും ഉണ്ടാവേണ്ട മാറ്റത്തോട് മുഖം തിരിക്കുകയാണ് അവര്‍ ചെയ്യുന്നത്. 

ഹജ്ജിലെ അനുഷ്ഠാനങ്ങള്‍
1. ഇഹ്റാം
2. മിനായില്‍ താമസിച്ചു
3. അറഫയില്‍ നില്‍ക്കല്‍
4. മുസ്തലിഫയില്‍ തങ്ങല്‍
5. മിനയില്‍ എത്തല്‍
6. ജംറയില്‍ കല്ലെറിയല്‍
7. ബലിയറുക്കന്‍
8. മുടിയെടുക്കല്‍
9. ത്വവാഫുല്‍ ഇഫാദ
10.സഅ്യ്

1. ഇഹ്റാം ഛ നിഷിദ്ധമാക്കുക എന്നാണര്‍ത്തം. ഇതാണ് ഹജ്ജിന്റെ നിയ്യത്ത്. 3 തരത്തിലുള്ള ഇഹ്റാമുകളുണ്ട് 1.തമത്തുഅ് 2.ഇഫ്റാദ്  3.ഖിറാന്‍

ഹജ്ജിനായി മക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉംറക്ക് വേണ്ടി മാത്രം ഇഹ്റാം ചെയ്യുകയും പിന്നീട് ഉംറ  നിര്‍വഹിച്ചു ഇഹ്റാമില്‍ നിന്നും ഒഴിവായതിനു ശേഷം ഹജ്ജിനായി കാത്തുനില്‍ക്കുകയും  ചെയ്യുന്നതിനാണ് തമത്തുഅ് എന്ന് പറയുക.

ഹജ്ജിനു വേണ്ടി ഇഹ്റാം ചെയ്യലാണ് ഇഫ്റാദ്

ഉംറയും ഹജ്ജും ഒരേ ഇഹ്റാമില്‍ (ഉംറ കഴിഞ്ഞതിനു ശേഷം ഇഹ്റാമില്‍ നിന്നു മാറാതെ ഹജ്ജും നിര്‍വ്വഹിക്കല്‍) തന്നെ ആവുന്നതാണ് ഖിറാന്‍.

ഇഹ്റാമിന്റെ മുന്നൊരുക്കം - നഖം മുറിക്കുക, മീശ വെട്ടുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തേയും മുടി നീക്കുക, കുളിക്കുക, വൂദു എടുക്കുക, ശരീരത്തില്‍ സുഗന്ധം പൂശുക എന്നീ കാര്യങ്ങള്‍ സുന്നത്താണ്. പൂരുഷ•ാര്‍ സാധാരണ വസ്ത്രങ്ങള്‍ ഒഴിവാക്കി ഒരു തൂണി ഉടുക്കുകയും ഒരു മേല്‍ മുണ്ടുകൊണ്ട് ഇരുചുമലുകളും മൂടുന്ന രൂപത്തില്‍ പുതക്കുകയും ചെയ്യുക.

സ്ത്രീകള്‍ക്ക്  ഇഹ്റാമില്‍ പ്രത്യേക വസ്ത്രങ്ങളില്ല. സാധാരണ ധരിക്കുന്ന ഇസ്ലാമിക വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.

ഇഹ്റാമില്‍  പാടില്ലാത്തത്- മുടിയെടുക്കല്‍, നഖം മുറിക്കല്‍, സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍, കുങ്കുമച്ചായം മുക്കിയ വസ്ത്രം, ശരീരത്തിന്റെ ആകൃതിയില്‍ തുന്നിയവസ്ത്രങ്ങള്‍ ധരിക്കല്‍, തലമറക്കല്‍, വിഷയാസക്തിയോടു കൂടിയുള്ള സംസാരവും സ്പര്‍ശവും, വിവാഹം, വിവാഹന്വേഷണം, പക്ഷി-മൃഗാതികളെ വേട്ടയാടല്‍, വേട്ടയാടാന്‍ സഹായിക്കല്‍, നിഷിദ്ധമായ വാക്ക് പ്രവൃത്തി, അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍.

2. മിനായില്‍ താമസിക്കല്‍- ദുല്‍ഹജ്ജ് 8 ന് ഇഹ്റാം ചെയ്യുന്നവര്‍ അന്നേദിവസം മിനായില്‍ തായസിക്കല്‍ സുന്നത്താണ്. ഈ ദിവസത്തെ യൌമുതര്‍വിയ്യ എന്നു പറയുന്നു. ഒട്ടകങ്ങള്‍ക്ക് വെള്ളംകൊടുക്കുന്ന ദിവസം എന്നര്‍ത്ഥം. അഥവാ ഹജ്ജിനു ഒരുങ്ങുന്ന ദിവസം.

3. അറഫയില്‍ നില്‍ക്കല്‍- ദുല്‍ഹജ്ജ് 9 ന് സൂര്യന്‍ ഉദിച്ചതിനു ശേഷം അറഫയില്‍ നില്‍ക്കലാണ് ഹജ്ജിന്റെ മര്‍മ്മം. നബി(സ) പറഞ്ഞു ഹജ്ജ് എന്നാല്‍ അറഫയാണ്. അറഫയില്‍ തങ്ങാതെ ഹജ്ജില്ല. സൂര്യന്‍ അസ്തമിക്കുന്നത് വരെ അവിടെ കഴിച്ചുകൂട്ടണം. ഇവിടെ ളുഹര്‍ അസര്‍ നമസ്കാരങ്ങള്‍ ജംഉം ഖസറുമായാണ് നമസ്കരിക്കുക. പകലുകളില്‍ ഏറ്റവും ഉത്തമമായ ദിനമാണ് അറഫ. അറഫ എന്നാല്‍ തിരിച്ചറിയല്‍ എന്നാണര്‍ത്ഥം. ആദമും ഹവ്വയും സ്വര്‍ഗത്തില്‍ നിന്ന് പുറപ്പെട്ടതിനു ശേഷം ഭൂമിയില്‍ നിന്ന് ആദ്യമായി കണ്ടുമുട്ടുന്നത് അറഫയില്‍ വച്ചാണ്. സ്വയം തിരിച്ചറിയികയും ഭാവിയിലേക്ക് ഈ തിരിച്ചറിവ് ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഉറപ്പിക്കുന്നതാണ് അറഫ.

മുസ്തലിഫയില്‍ തങ്ങല്‍ ദുല്‍ഹജ്ജ് 9 ന് സൂര്യന്‍ അസ്തമിച്ചതിനു ശേഷം അറഫക്കും മിനക്കും ഇടക്കുള്ള സ്ഥലമായ  മുസ്തലിഫയില്‍ തങ്ങണം. അഥവാ മശ്ഹറുല്‍ ഹറാമില്‍. മേല്‍കൂരകളോ  പാര്‍പ്പിടങ്ങളോ ഇല്ലാത്ത ഇവിടെ എത്തിയാല്‍ മഗ് രിബും  ഇശായും ജംഉം കസ്റുംമായി നമസ്കരിക്കുകയാണ് വേണ്ടത്. പിറ്റേ ദിവസം ജംറയില്‍ എറിയുവാനുള്ള കല്ലുകള്‍  ഇവിടെ നിന്ന് പെറുക്കാം. അന്ന് ഫജ്ര്‍ നമസ്കാരം വരെ  അവിടെ രാപാര്‍ത്ത് മിനായിലേക്ക് നീങ്ങണം. രോഗംകൊണ്ടോ മറ്റോ  പ്രയാസമനുഭവിക്കുന്നവര്‍ക്ക്  ഫജ്റ് നമസ്കാരം വരെ കാത്തുനില്‍ക്കണം എന്നില്ല. അവര്‍ക്ക് അന്ന്  രാത്രിത്തന്നെ മിനായിലേക്ക് തിരിക്കാവുന്നതാണ്. പ്രവാചകന്‍ (സ) ചില അവശരായ സ്ത്രീകള്‍ക്ക് അതിനനുമതി നല്‍കി. എന്നാല്‍ അനുമതി ചോദിച്ച ആരോഗ്യവാന്‍മാരായ യുവാക്കള്‍ക്ക് അതിനനുമതി  നല്‍കിയില്ല.

മീനായില്‍

ദുല്‍ഹജ്ജ് 10 ന് മുസ്തലിഫയിയില്‍ നിന്ന് ഫജ്റ് നമസ്കാരത്തിനു ശേഷം മിനീയിലേക്ക് പുറപ്പെടുക. മിനയില്‍ എത്തിയ ശേഷമാണ്  ജംറയില്‍ എറിയേണ്ടത്. മിനയില്‍ തങ്ങുന്ന ദിവസങ്ങള്‍ക്ക് അയ്യാമു തശ്രീഖ് എന്നാണ്  പറയുക. ദുല്‍ഹജ്ജ് 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളാണ്  അയ്യാമു തശ്രീഖ്. 12 നു സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് മിനായുടെ അതിര്‍ത്തി കടന്നു പുറത്തേക്ക് പോകുന്ന ആളുകള്‍ക്ക് 12 നു മിനയില്‍ രാപ്പാര്‍ക്കല്‍  നിര്‍ബന്ധമില്ല.

ജംറകളില്‍ എറിയല്‍

ഇഛകളെ തടുത്തു  നിര്‍ത്തലിന്റെ പ്രതീകമാണ് ജംറകളില്‍ എറിയല്‍. ദൈവാആജ്ഞയുടെ സാക്ഷാല്‍കാരത്തിനായി സ്വന്തം  മകന്‍ ഇസ്മാഈലിനെ ബലി നല്‍കുവാന്‍  ഇബ്രാഹിം ശ്രമിച്ചപ്പോള്‍  അതിലിടപ്പെട്ട് തടയാന്‍  ഒരുങ്ങിയ പിശാചിനു നേരെയുള്ള  ശക്തമായ ഏറിന്റെ പ്രതീകം.

ആദ്യ ദിവസത്തെ ഏറ് ദുല്‍ഹജ്ജ് 10 നു ജംറത്തുല്‍ അഖബയില്‍ മാത്രം. 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ എല്ലാ  ജംറകളിലും (മൂന്ന് ജംറകളിലും) എറിയണം. ഓരോ ജംറകളിലും  ഏഴുവീതം ചെറിയ കല്ലുകളാണ് എറിയേണ്ടത്. ദുല്‍ഹജ്ജ് 12 ന് മിനയില്‍ രാപ്പാര്‍ക്കാത്ത ഹാജിമാര്‍ 13 ന്  എറിയേണ്ടതില്ല.

ബലിയറുക്കല്‍

തമത്തുഅ്, ഖിറാന്‍ എന്നീ രൂപങ്ങളില്‍ ഹജ്ജ് ചെയ്യുന്നവര്‍ ബലി അറുക്കല്‍ നിര്‍ബന്ധമാണ്. ഇഫ്റാദ് രൂപത്തില്‍  ഹജ്ജ് ചെയ്യുന്നവര്‍ക്ക് ബലി നിര്‍ബന്ധമില്ല. അല്ലാഹുവിനോടുള്ള സ്നേഹവും മകനോടുള്ള സ്നേഹവും തമ്മില്‍ മനസ്സില്‍ സംഘര്‍ഷം സൃഷ്ടിക്കുമ്പോള്‍ മകനെ ബലിയറുത്തെങ്കിലും ദൈവസ്നേഹം നേടുകയെന്നതാണ് ഇബ്രാഹിം മതം. ദൈവത്തില്‍ നിന്നുള്ള ആ ശക്തമായ പരീക്ഷണം ഏറ്റെടുത്ത് വിജയിച്ചു തെളിയിച്ചത്കൊണ്ടാണ് ഇബ്രാഹീമിനെ ഖലീലുല്ലാഹ് അഥവാ അല്ലാഹുവിന്റെ സുഹൃത്ത് എന്ന് പറയുന്നത്.

ഇന്ത്യയില്‍ നിന്ന് ഹജ്ജിനായ് പോകുന്നവവര്‍ തമത്തുഅ് ആയാണ് ഹജ്ജ് നിര്‍വ്വഹിക്കുക. സ്വന്തമായി ബലിയറുക്കുവാനുള്ള  സംവിധാനം ഇപ്പോള്‍ അവിടെ  ലഭ്യമല്ല. അതുകൊണ്ട്തന്നെ ബാങ്കുകള്‍ വഴിയോ വിശ്വസ്തരായ  ഏജന്‍സികള്‍ മുഖേനയോ ബലിയറുക്കുവാനുള്ള  പണം നല്‍കുന്നതായിരിക്കും ഉചിതം.

മുടിയെടുക്കല്‍

ദുല്‍ഹജ്ജ് 10 ന് ശേഷം തലമുടിയെടുത്താല്‍  ഒന്നാം തഹല്ലുല്‍ ആകും (ഇഹ്റാമില്‍ നിന്ന് ഭാഗീകമായി മുക്തമാവല്‍ ). തലമുടി പൂര്‍ണ്ണമായും വടിക്കുകയോ അല്ലെങ്കില്‍ വെട്ടുകയോ  ആവാം. ഒന്നാം തഹല്ലുല്‍ ആയാല്‍ ഭാര്യാ സംസര്‍ഗം ഒഴികെയുള്ള സാധാരണ ജീവിതത്തിലേക്ക്  പ്രവേശിക്കാം.

ത്വവാഫുല്‍  ഇഫാദയും സഅ്യും.

ഹജ്ജിന്റെ ഭാഗമായി  ചെയ്യുന്ന ത്വവാഫിനാണ്  ത്വവാഫുല്‍ ഇഫാദ എന്നു പറയുന്നത്. ഹജ്ജിലെ അവസാന കര്‍മ്മമാണ്  ഇത്. ആര്‍ത്തവം പ്രസവം തുടങ്ങിയ കാരണങ്ങലാല്‍ വലിയ അശുദ്ധിയുള്ള സ്ത്രീകള്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ത്വവാഫുൽ ഇഫാദ നിര്‍ബന്ധമാണ്. ത്വവാഫുല്‍ ഇഫാദ നിര്‍വ്വഹിച്ചാല്‍ പൂര്‍ണ്ണമായും ഇഹ്റാമില്‍ നിന്ന് മുക്തമാവും. പിന്നീട് ഭാര്യാ സംസര്‍ഗം ഉള്‍പ്പെടെ കാര്യങ്ങള്‍ ആവാം. തുടര്‍ന്ന് നടത്തുന്ന സഅ് യോടു കൂടി ഹജ്ജിന്റെ കര്‍മങ്ങള്‍ പുര്‍ത്തിയാവും.

ലേഖനങ്ങള്‍

  1. ബലിയുടെ ആത്മാവ്
  2. വലമ്മാ അസ് ലമാ വ തല്ലഹു ലില്‍ജബീന്‍...
  3. ഹജ്ജ് ഒരു വിപ്ലവകാരിയെ എങ്ങനെയാണ്‌ സ്വാധീനിച്ചത് ?
  4. ഫത് വകള്‍
  5. ഹജ്ജിന്റെ പാഠങ്ങള്‍
  6. ഹജ്ജും ദ അ്‌വത്തും
  7. ഹജ്ജും തൗഹീദും
  8. ഉദ് ഹിയത്ത്
  9. കാലം ഇബ് റാഹീമിനേയും മുഹമ്മദിനേയും കാത്തിരിക്കുന്നു